Sunday, June 17, 2012

ജീവന്‍റെ ആദ്യ കണിക: മില്ലെര്‍ -യുറേ പരീക്ഷണം ജീവോല്‍പ്പത്തിക്കെതിരെ!!

.
ജീവോല്‍പ്പത്തി:

ജീവോല്പത്തി സിദ്ധാന്ത പ്രകാരം അനുകൂല  സാഹചര്യങ്ങളില്‍  അജൈവ വസ്തുക്കളില്‍ നിന്ന് ആകസ്മികമായി ജീവന്‍  ഉരുത്തിരിഞ്ഞുണ്ടാകുന്നു എന്നാണ് ശാസ്ത്ര നിഗമനം. ഈ  നിഗമനത്തെ ബലപ്പെടുത്തുന്ന പരീക്ഷണമാണ് വിഖ്യാതമായ മില്ലെര്‍ -യുറേ പരീക്ഷണം എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത് .ഭൂമിയില്‍  ജീവന്‍  കുരുത്തതെങ്ങനെ  എന്ന  പതിറ്റാണ്ടുകളുടെ  ശാസ്ത്ര അന്വേഷണങ്ങളുടെ ഉത്തരമാണ് മില്ലെര്‍ -യുറേ പരീക്ഷണം എന്ന് ശാസ്ത്രം അവകാശപ്പെടുന്നു. ജീവന്‍റെ ആദ്യ കണിക അജൈവ വസ്തുക്കളില്‍ നിന്ന് ഒരു പ്രത്യേക അനുകൂല  സാഹചര്യത്തില്‍ ആകസ്മികമായി ഉരുത്തിരിഞ്ഞതെങ്ങനെ എന്ന് ലാബില്‍ സമാന സാഹചര്യങ്ങള്‍ പുന: സൃഷ്ടിച്ചു തെളിയിച്ചു എന്നാണ് ഈ അടുത്ത   കാലം  വരെ  പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ ഈ അവകാശ വാദത്തിനു കോട്ടം തട്ടുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്.സൂക്ഷമമായി    വിലയിരുത്തിയാല്‍ ഈ ജീവോല്‍പത്തി   വാദത്തിന്‍റെ പരിമിതികള്‍ക്ക്‌  അടിവരയിടുകയാണ്  ഈ പരീക്ഷണം എന്ന് കാണാം.

ഒരു കാലത്ത് ജീവോല്‍പത്തി  സിദ്ധാന്തം (Abiogenesis ) പൊതുവായി അറിയപെട്ടിരുന്നത് കെമിക്കല്‍ എവലൂഷന്‍ (chemical evolution ) എന്നായിരുന്നു. എന്നാല്‍ ഇക്കാലത്ത് ജീവോല്പത്തിയും പരിണാമ വാദവും വേര്‍തിരിച്ചാണ് പരിണാമ വാദികള്‍ കൈകാര്യം ചെയ്യുന്നത്.

ജീവോല്‍പ്പത്തി തെളിയിക്കാന്‍ ഒട്ടനവധി തിയറികള്‍ പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്.അവയില്‍  warm soup തിയറി പോലുള്ള തിയറികള്‍ ഒരുകാലത്ത്  പ്രചുര പ്രചാരം നേടുകയും ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. റഷ്യന്‍ നാസ്തികനായിരുന്ന അലെക്സാണ്ടെര്‍ ഇവാനോവിച് ഒപാരിന്‍ (Alexandr Ivanovich Oparin ,1894–1980) 1924 ല്‍ പ്രസിദ്ധീകരിച്ച ' ദി ഒറിജിന്‍ ഓഫ് ലൈഫ് ' എന്ന തന്‍റെ പുസ്തകതിലൂടെയാണ് ഈ തിയറി ലോകത്തിനു മുന്‍പില്‍ അവതരിപ്പിച്ചത്.ഈ തിയറി പ്രകാരം സമുദ്രത്തില്‍ അടിഞ്ഞു കൂടിയ ബയോ കെമിക്കല്‍ സൂപ്പില്‍ നിന്നാവാം ജീവന്‍ ഉരുത്തിരിഞ്ഞതെന്നു അവകാശപ്പെട്ടു.അന്തരീക്ഷത്തില്‍  നിന്ന് സമുദ്രത്തിലേക്ക് വന്നു പതിച്ച ഓര്‍ഗാനിക് മോളിക്യൂളുകള്‍ ഇടിമിന്നല്‍, അള്‍ട്ര വയലറ്റ് രശ്മികള്‍, ഭൂകമ്പം, സമുദ്രാന്തര്‍ താപം,സൂര്യനില്‍ നിന്നുള്ള വൈദ്യുത വികിരണങ്ങള്‍ എന്നിവയില്‍ നിന്നും ഊര്‍ജ്ജം സംഭരിക്കുകയും അതില്‍ നിന്ന് ജീവന്‍  ഉരുത്തിരിയുകയും ചെയ്തു എന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശ്വാസം. ഇന്നും ജീവോല്പ്പതി ചര്‍ച്ചകളില്‍ ഈ തിയറി പരാമര്‍ശ വിധേയമാകുന്നത് ഈ തിയറിക്ക് അക്കാലത്ത് കിട്ടിയ പ്രചാരത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നു.

ഒപാരിന്‍ ആവിഷ്കരിച്ച ക്രമപ്രകാരം  ആദ്യം ജീവ കോശവും പിന്നീട് എന്‍സൈമുകളും അവസാനമായി ജീനുകളും പരിണമിച്ചുണ്ടായി. എന്നാല്‍ ജീനുകളുടെ പ്രവര്‍ത്തനത്തിന് എന്‍സൈം വേണമെന്നും എന്നാല്‍ എന്‍സൈം രൂപപ്പെടാന്‍ ജീനുകള്‍ വേണമെന്നും ഇന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. വേണ്ടത്ര തെളിവുകള്‍ ഒന്നുമില്ലാതിരുന്നിട്ടും സ്രിഷ്ടിവാദത്തിനു ബദല്‍ എന്നാ നിലയ്ക്ക് അര നൂറ്റാണ്ടില്‍ അധികം കാലം  നാസ്തികര്‍ ഈ വാദം കൊണ്ട് നടന്നിരുന്നു. ഒപാരിന്‍റെ തിയറി  ശാസ്ത്രീയ പൊട്ടത്തരം ആയിരുന്നു എന്ന്  ഇന്ന് ഏവര്‍ക്കും അറിയാം. 

മില്ലെര്‍ -യുറേ പരീക്ഷണം
 
1953  ല്‍ ചിക്കാഗോ സര്‍വ്വകലാ ശാലയിലെ ഹരോള്‍ഡ് യൂറേയും (Harold Urey )  അദ്ദേഹത്തിന്‍റെ വിദ്യാര്‍ഥിയായ സ്ടാന്‍ലി മില്ലെരും (Stanley മില്ലെര്‍) ചേര്‍ന്നാണ് വിഖ്യാതമായ മില്ലെര്‍ -യുറേ പരീക്ഷണം നടത്തിയത്. മറ്റു ജീവോല്പ്പതി ശാസ്ത്രഞ്ഞന്മാരുടെ അഭിപ്രായങ്ങള്‍ക്ക് വിരുദ്ധമായി മീഥേന്‍ സമ്പുഷ്ടമായിരുന്നു ഭൂമിയുടെ അന്തരീക്ഷം എന്ന് യൂറേ അവകാശപെട്ടു.ഒക്സിടൈസിംഗ് അന്തരീക്ഷം എന്ന സങ്കല്‍പ്പത്തിന് വിരുദ്ധമായ ഒരു ചിന്താ ഗതിയാണ്  അദ്ദേഹം മുന്നോട്ടു വെച്ചത്.ഏറെ കോളിളക്കം സൃഷ്‌ടിച്ച പരീക്ഷണം കൃത്രിമമായി ജീവന്‍ സ്രിഷ്ടിക്കുന്നതിലെക്കുള്ള പുതു കാല്‍വെയ്പ്പാനെന്നു വരെ വ്യാഖ്യാനിക്കപ്പെട്ടു.

മൂടിയ ഒരു ഗ്ലാസ് ചേംബറില്‍ മീഥേന്‍, അമോണിയ, ഹൈഡ്രജന്‍ എന്നീ വാതകങ്ങള്‍ നിറച്ചു വെച്ചു.(ഒപാരിന്‍ അഭിപ്രായപ്പെട്ട പോലെ ജീവോല്‍പതി നടന്ന അന്തരീക്ഷത്തെ പുന: സൃഷ്ടിക്കുകയായിരുന്നു ഉദ്ദേശം). സമുദ്രത്തില്‍ നിന്നുള്ള നീരാവി പോലെ വെള്ളം തിളപ്പിക്കപ്പെട്ടു. ഈ നീരാവി ഉയര്‍ന്ന ചൂടില്‍ വാതകങ്ങളില്‍ ചെന്നിടിക്കുകയും അതേ സമയം കൃത്രിമ ഇടി മിന്നല്‍ ഉണ്ടാക്കുകയും (tungsten spark-discharge ) ചെയ്തു. ഈ സജ്ജീകരണത്തിന് താഴെ ഒരു വാട്ടര്‍ കണ്ടെന്സര്‍ സ്ഥാപിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ഫ്ലാസ്ക് ട്രാപ്പിന്‍റെ പ്രതലങ്ങളില്‍ പിങ്ക് നിറത്തിലുള്ള അവശിഷ്ടം കാണപ്പെടുകയും പരീക്ഷണം മുന്നോട്ടു പോയപ്പോള്‍ അവയുടെ അളവ് ക്രമേണ വര്‍ദ്ധിക്കുകയും നിറം കടുക്കുകയും ചെയ്തു. 

ഒരാഴ്ചക്ക് ശേഷം  ഇവ പരിശോധിച്ചപ്പോള്‍ വാതക രൂപത്തില്‍ കാര്‍ബണ്‍ മോണോക്സൈഡ് (CO), നൈട്രജന്‍ (N2), ഖര രൂപത്തില്‍ ടാര്‍ പോലുള്ള ഒരു പതാര്‍ത്ഥം എന്നിവയാണ് കാണപ്പെട്ടത്. തുടര്‍ പരിശോധനകളില്‍  അമിനോ ആസിഡുകള്‍ ഒന്നും കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ചെറിയ മാറ്റങ്ങള്‍ വരുത്തിയ ശേഷം പരീക്ഷണം തുടര്‍ന്നു.അതേ തുടര്‍ന്ന് വളരെ കുറഞ്ഞ അളവില്‍ ഏതാനും അമിനോ ആസിഡുകള്‍ വളരെ കുറഞ്ഞ അളവില്‍ രൂപപ്പെടുകയുണ്ടായി. ( Mainly Glycine ( and Alanine).മില്ലെരുടെ തന്നെ അഭിപ്രായത്തില്‍ വിനിയോഗിക്കപ്പെട്ട വലിയ അളവ്  ഊര്‍ജ്ജത്തിന് തല്‍ഫലമായി വളരെ കുറച്ച്‌ മാത്രം ഉത്പാദനമാണ് ഉണ്ടായത്. യുറേ -മില്ലെര്‍  മാതൃകയില്‍ പിന്നീട് തുടര്‍ന്ന നിരന്തര പരീക്ഷണങ്ങളിലും ജീവന്‍ ഉരുത്തിരിയാന്‍  അടിസ്ഥാന പരമായി ആവശ്യമുള്ള 20  ഇനം  അമിനോ അസിടുകളില്‍ പകുതിയില്‍ താഴെ മാത്രം അമിനോ ആസിഡുകള്‍ ആണ് കുറഞ്ഞ അളവില്‍ ഉണ്ടാക്കാന്‍ സാധിച്ചത്.

ഓക്സിജന്‍ ഇല്ലാത്ത അന്തരീക്ഷമോ?

 
ജീവോല്‍പ്പത്തി നടന്നത് ഓക്സിജന്‍ ഇല്ലാത്ത   അന്തരീക്ഷത്തില്‍ ആയിരുന്നു എന്ന സങ്കല്‍പ്പത്തിലാണ് ഈ പരീക്ഷണങ്ങള്‍ നടന്നത്. ഓക്സിജന്‍റെ അസാനിധ്യത്തില്‍ മാത്രമേ അബിയോജനിസിസ് നടക്കൂ എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഈ  പരീക്ഷണത്തിന്‍റെ   പരമ പ്രധാനമായ ഈ സങ്കല്പം ഇക്കാലത്ത് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. മില്ലെരുടെ  സങ്കല്‍പ്പത്തിന് വിരുദ്ധമായി അന്തരീക്ഷം ഓക്സിജന്‍ സമ്പുഷ്ടമായിരുന്നു എന്ന്  വിശ്വസിക്കുന്ന ഗവേഷകരാണ് അധികവും.   അതിനാല്‍   മില്ലെരുടെ പരീക്ഷണങ്ങളുടെ ആധികാരികത നഷ്ടപ്പെട്ടിരിക്കുന്നു.

"‘. . . the accepted picture of the earth’s early atmosphere has changed: It was probably O2-rich with some nitrogen, a less reactive mixture than Miller’s, or it might have been composed largely of carbon dioxide, which would greatly deter the development of organic compounds." (Flowers, C., A Science Odyssey: 100 Years of Discovery, William Morrow and Company, New York, p. 173, 1998)

ഒരു പരീക്ഷണത്തിന്‍റെ  അടിസ്ഥാന സങ്കല്‍പ്പം തന്നെ ഇല്ലാതെയാവുന്നത് ആ പരീക്ഷണത്തെ തന്നെ  ഇല്ലാതെയാക്കും . ഓക്സിജന്‍റെ  സാനിധ്യത്തില്‍ ഈ പരീക്ഷണം നടക്കില്ല തന്നെ. ഒക്സൈടുകളുടെ സാന്നിധ്യം  ആദിമ കോശങ്ങളെക്കാള്‍ 300 മില്ല്യന്‍ വര്ഷം പഴക്കമുള്ള പാറകളില്‍ വരെ കണ്ടെത്തിയത് ഓക്സിജന്‍റെ  സജീവ സാനിധ്യതിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. 


ഓക്സിജന്‍ സമ്പുഷ്ടമായ അന്തരീക്ഷം ആകസ്മികമായ അമിനോ ആസിഡുകളുടെ നിര്‍മ്മാണത്തെ സഹായിക്കില്ലെന്ന് മാത്രമല്ല തടയുകയും ചെയ്യുന്നു. അതിനാല്‍ മില്ലെരുടെ ലാബിലെ പരീക്ഷണം പ്രകൃതിയില്‍ ആകസ്മികമായി ജീവന്‍ ഉരുത്തിരിയാന്‍ ഉള്ള സാധ്യതയെയാണ് സത്യത്തില്‍ നിരാകരിക്കുന്നത്. 

ദൌര്‍ഭാഗ്യകരമെന്ന്  പറയട്ടെ ഇന്നും നമ്മുടെ സിലബസ്സുകള്‍, ഓണ്‍ലൈന്‍ ലേഖനങ്ങള്‍ എല്ലാം അന്തരീക്ഷത്തെ കുറിച്ചുള്ള പഴയ ധാരണകള്‍ തന്നെയാണ് പ്രചരിപ്പിക്കുന്നത്. ഈയിടെ നടന്ന പുതിയ ഗവേഷണങ്ങള്‍ ഈ തെറ്റായ ധാരണകളെ പൊളിച്ചെഴുതുകയാണ്. New York Center for Astrobiology at Rensselaer Polytechnic Institute ലെ ശാസ്ത്രഞ്ജര്‍ ഭൂമിയുടെ ആദിമ അന്തരീക്ഷം പുന:സൃഷ്ടിക്കാനായി നടത്തിയ ഏറ്റവും പുതിയ പരീക്ഷണങ്ങള്‍ പതിറ്റാണ്ടുകളായി  ശാസ്ത്ര  ലോകം വെച്ച് പുലര്‍ത്തുന്ന ധാരണകള്‍ക്ക് വിരുദ്ധമായ നിഗമനങ്ങളാണ് മുന്നോട്ടു വെക്കുന്നത്.
 

മുന്‍പ് ധരിച്ചിരുന്നത് പോലെ മീഥേന്‍ സമ്പുഷ്ട അന്തരീക്ഷം ആയിരുന്നില്ല ഭൂമിക്ക് ഉണ്ടായിരുന്നത് എന്ന് പുതിയ  പഠനങ്ങള്‍ കാണിക്കുന്നു. ഈ ലേഖന പ്രകാരം ഇന്ന് കാണുന്ന അന്തരീക്ഷത്തിനു സമാനമായ അന്തരീക്ഷം  തന്നെയായിരുന്നു ഭൂമി ഉണ്ടായതിനു 500 മില്യണ്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായിരുന്നത്. ജീവോല്‍പ്പത്തിയെ കുറിച്ച് നിലവിലുള്ള മുഴുവന്‍ നിഗമനങ്ങളെയും നിരാകരിക്കേണ്ടി വരുന്ന സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്.

ബ്രൂസ് വാട്സണ്‍ന്‍റെ  (E. Bruce Watson- Institute Professor of Science at Rensselaer ,Newyork ) വാക്കുകളിലേക്ക്‌:


“We can now say with some certainty that many scientists studying the origins of life on Earth simply picked the wrong atmosphere,”

ജീവോല്‍പ്പത്തി പഠനങ്ങളില്‍    മുഴുകിയിരിക്കുന്ന  ശാസ്ത്രഞ്ഞരിലധികവും തെറ്റായ അന്തരീക്ഷത്തിലാണ് തങ്ങളുടെ പഠനങ്ങള്‍ മുന്നോട്ടു   കൊണ്ടു പോകുന്നതെന്ന്  അദ്ദേഹത്തിന്‍റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം തെറ്റായ പരീക്ഷണങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ജീവന്‍ ആകസ്മികമായി ഉരുതിരിഞ്ഞതെന്നു അവകാശപ്പെടുന്നത്. ഒരു പടി കൂടി കടന്ന് അദ്ദേഹം പറയുന്നത് കാണുക:

“We can’t even begin to talk about life on Earth until we know what that stage is. And oxygen conditions were vitally important because of how they affect the types of organic molecules that can be formed.”

ലേഖനത്തിന്‍റെ അവസാന ഭാഗത്ത്‌ വാട്സണ്‍ തങ്ങളുടെ പഠനം ജീവന്‍ ഭൂമിക്ക് പുറത്തെവിടെ നിന്നെങ്കിലും ഉരുത്തിരിഞ്ഞതാവാം എന്ന് അനുമാനിക്കുന്ന ശാസ്ത്ര സിദ്ധാന്തങ്ങള്‍ക്ക്  ബലം പകരുന്നവയാണെന്ന് പ്രത്യാശിക്കുകയുംചെയ്യുന്നു.  നിലവിലെ അന്തരീക്ഷത്തില്‍; ഓക്സിജന്‍റെ സാനിധ്യത്തില്‍ ഭൂമിയില്‍  ജൈവ കണിക രൂപപ്പെടാനുള്ള സാധ്യതയില്ലായ്മയെ അടിവരയിടുകയാണ് പുതിയ കണ്ടെത്തലുകള്‍.

മുന്‍പ്  ഒരു പോസ്റ്റില്‍ ഞാന്‍ സൂചിപ്പിച്ച പോലെ ഒരടി മുന്നോട്ടു നടക്കുകയും അതേ സമയം രണ്ടടി പുറകോട്ടു നടക്കുകയും ഫലത്തില്‍ ഒരടി പുറകോട്ടു പോകുകയും ചെയ്യുന്ന പഠന മേഖലയാണ്  ജീവോല്‍പ്പതിയും ജീവ പരിണാമവും. പതിറ്റാണ്ടുകള്‍ വെറും ഒരു ഊഹത്തിന്‍റെ പേരില്‍ തെറ്റായ ശാസ്ത്ര നിഗമനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നടന്ന് അതിന്‍റെ ബലത്തില്‍ ദൈവത്തെയും വിശ്വാസികളെയും പരിഹസിക്കുന്ന വെറും പരിഹാസ വാദികളായി കേരളത്തിലെ യുക്തിവാദികള്‍ തരം താഴ്ന്നിരിക്കുന്നു.ഒരു പുരുഷായുസ്സ് മുഴുവന്‍ ഈ മേഖലയില്‍ ഗവേഷണം നടത്തി ശാസ്ത്ര വിവരങ്ങളുടെ എത്താവുന്ന നെറുകയില്‍ എത്തിച്ചേര്‍ന്ന തല മൂത്ത ശാസ്ത്ര ഗവേഷകര്‍ കാണിക്കാത്ത ഗര്വ്വാണ് ഇവര്‍ കാണിക്കുന്നത്. ദൈവം ഉണ്ടാവാനുള്ള സാധ്യതയെ ബാക്കി വെച്ചാണ് ഈ ശാസ്ത്രഞ്ഞരില്‍ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാരുള്ളത്. അത് തങ്ങളുടെ നിലപാടുകളുടെ  ശക്തി ദൌര്‍ബല്യങ്ങളെ  കുറിച്ചുള്ള ശരിയായ ബോധം  ഉള്ളതുകൊണ്ടുള്ള പക്വമായ അഭിപ്രായ പ്രകടനങ്ങളാണ്. ആറ്റന്‍ ബരോയെ പോലെ ഉള്ളവര്‍ ദൈവം ഉണ്ടാവാനുള്ള സാധ്യതയെ ഞാന്‍ നിരാകരിക്കുന്നില്ലെന്നു പറയുമ്പോള്‍ ന്യൂട്ടന്‍റെ മൂന്ന്  നിയമങ്ങള്‍ പോലും ക്രമപ്രകാരം അറിയാത്ത കേരളത്തിലെ യുക്തിവാദികള്‍ ദൈവം ഇല്ലെന്നു തറപ്പിച്ചു പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? 

പോസ്റ്റിലെ വിഷയത്തിലേക്ക് തിരികെ വരാം. ഒന്നാമതായി ഈ പരീക്ഷണം തെറ്റായ അന്തരീക്ഷ മാതൃകയിലാണ് മുന്നോട്ട് പോയത്. അത് തന്നെ ഈ പരീക്ഷണത്തിന്‍റെ ആധികാരികതയെ പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്തിരിക്കുന്നു. ഓക്സിജന്‍ ഇല്ലാത്ത  അന്തരീക്ഷത്തില്‍ നടന്ന ഒരു പരീക്ഷണം ഓക്സിജന്‍ സമ്പുഷ്ടമായ അന്തരീക്ഷത്തില്‍ അതേ ഫലം നല്‍കില്ല തന്നെ. ഓക്സിജന്‍ വില്ലന്‍ വേഷമണിയുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. അത് കൊണ്ടു തന്നെ ഓക്സിജന്‍ സമ്പുഷ്ടമായ ഭൂമിയുടെ അന്തരീക്ഷത്തില്‍ നടക്കാന്‍ സാധ്യതയില്ലാത്ത ഒന്നിന്‍റെ മറ്റു പോരായ്മകളിലെക്കാന് ഇനി നാം കടക്കുന്നത്‌. (സംഭവിച്ചു എന്ന് വെറുതെ സങ്കല്‍പ്പിച്ചാല്‍...)

 അമിനോ അസിടുകളുടെ എണ്ണം:

കൃത്രിമവും സന്തുലിതവുമായ പരീക്ഷണ ശാലയിലെ തെറ്റായ അന്തരീക്ഷത്തില്‍ ആണെങ്കിലും ഇത് വരെയുള്ള പരീക്ഷണങ്ങള്‍ ആകെ ഉണ്ടാക്കിയത് ജീവന് ആവശ്യമായ അമിനോ അസിടുകളില്‍ പകുതിയില്‍ താഴെ എണ്ണം മാത്രമാണ്. സന്തുലിതമായ അന്തരീക്ഷത്തില്‍ ഇത്ര സാധ്യതയാണെങ്കില്‍  പരീക്ഷണ ശാലയ്ക്ക് പുറത്ത് ഭൂമിയുടെ ബാഹ്യ അന്തരീക്ഷത്തിലെ കാര്യം പറയണോ?

Right- and Left-handed organic molecules:

ഈ പരീക്ഷണങ്ങളില്‍ രൂപം കൊണ്ട മോളിക്യൂളുകള്‍ തുല്യ അളവില്‍ Left Handed - Right Handed ഓര്‍ഗാനിക് മോളിക്യൂളുകള്‍ ആയിരുന്നു എല്ലായ്പ്പോഴും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രോടീന്‍ രൂപം കൊള്ളാന്‍ ആവശ്യമായ അമിനോ ആസിടുകളില്‍ ഏതാണ്ട് മുഴുവനും Left  Handed  ആയിരിക്കണമെന്ന  സവിശേഷകരമായ ഒരു നിബന്ധനയുണ്ട്. ഒട്ടു മിക്ക കാര്‍ബോ ഹൈട്രെറ്റുകളും പോളിമരുകളും  Right Handed ആയിരിക്കുകയും വേണം മറിച്ചുള്ള ക്രമീകരണം ഉപയോഗ ശൂന്യം എന്ന് മാത്രമല്ല അപകടകരം കൂടിയാണ്.‍.

സമുദ്രങ്ങളിലെ ഓര്‍ഗാനിക് കൊമ്പൌണ്ടുകളുടെ സാന്നിധ്യം:

ജീവോല്‍പ്പതിക്ക് സഹായകരമായ തരത്തില്‍ സമുദ്ര ജലത്തില്‍ 10 % ഓര്‍ഗാനിക് സംയുക്തങ്ങളുടെ സൊലൂഷന്‍ രൂപപ്പെട്ടിരുന്നു എന്നായിരുന്നു യുറേയുടെ മറ്റൊരു ഊഹം.സമുദ്ര ജലത്തില്‍ ഇത്ര സാന്ദ്രത ഓര്‍ഗാനിക് സംയുക്തങ്ങള്‍ കൈവരിക്കണമെങ്കില്‍ ഇന്ന് ഭൂമിയിലുള്ള മുഴുവന്‍ ഓര്‍ഗാനിക് സംയുക്തങ്ങളും വിനിയോഗിചാലും യുറേ ഊഹിച്ചത് പോലെ സമുദ്ര ജലത്തിന്റെ 10 % പോയിട്ട് ഒരംശം പോലും കൈവരിക്കാന്‍ തികയില്ല. തങ്ങളുടെ പരീക്ഷണത്തിന്‌ യോജിച്ച ഒരു സാഹചര്യം കൃത്യമായ ശാസ്ത്രീയ അടിത്തറയില്ലാതെ വെറുതെ ഊഹം വെച്ച് പടച്ചു വിടുകയായിരുന്നു എന്ന് വേണം കരുതാന്‍. അതാണിപ്പോള്‍ നിരാകരിക്കപ്പെടുന്നതും.

നാശമടയുന്ന പ്രോടീനുകള്‍:


സന്തുലിതമായ  കൃത്രിമ അന്തരീക്ഷത്തില്‍ പോലും പ്രോടീനുകള്‍ നില നില്‍ക്കാന്‍ സാധ്യത വളരെ കുറവാണ്. വളരെ കുറച്ചു പ്രോടീനുകള്‍ക്ക് മാത്രമേ 50ºC, നു മേലെയും 30ºC നു താഴെയുമുള്ള താപ വ്യതിയാനങ്ങളെ അതി ജീവിക്കാന്‍ കഴിയൂ. (ചില ആഹാര പദാര്‍ഥങ്ങള്‍ കൂടുതല്‍ ചൂടാക്കരുത് എന്ന് പറയുന്നതിന്‍റെ ഗുട്ടന്‍സ് ഇതിനോട് ചേര്‍ത്ത് ചിന്തിക്കുക ).മാത്രമല്ല, pH ഉം വളരെ കൃത്യമായി നിയന്ത്രിക്കപ്പെടെണ്ടതാണ്.ആസിഡ് - ലവണങ്ങളുടെ ആധിക്യവും ഹൈഡ്രജന്‍ ബോണ്ടിങ്ങുകളെ ഇല്ലാതാക്കും. ഒരു കൃത്രിമ അന്തരീക്ഷത്തില്‍ പോലും നില നില്‍ക്കാന്‍ വളരെ ശുഷ്കമായ സാധ്യത മാത്രമാണ് പ്രോടീനുകള്‍ക്കുള്ളത്.

പ്രതി പ്രവര്‍ത്തനവും ക്രോസ് റിയാക്ഷനും വില്ലന്മാര്‍ !

ഈ പരീക്ഷണവുമായി മുന്നോട്ട് പോയപ്പോള്‍ പ്രൊടേനുകലുമായി ബോണ്ടിംഗ് നടത്താന്‍ സാധ്യതയുള്ള മറ്റു സംയുക്തങ്ങളില്‍ നിന്ന് അവയെ സംരക്ഷിക്കേണ്ടി വന്നിരുന്നു. ethanol ,isopropyl alcohol   തുടങ്ങിയ ഒട്ടനവധി ഓര്‍ഗാനിക് സംയുക്തങ്ങള്‍ പ്രോടീനുകളുമായി സ്വന്തമായി ബോണ്ടിംഗ് ഉണ്ടാക്കുന്നവയാണ്. മാത്രമല്ല,  Ag+, Pb2+ , Hg2+ തുടങ്ങിയ ഹെവി മേറ്റലുകള്‍ പ്രോടീനുകളുടെ ബോണ്ടിംഗ് നശിപ്പിക്കുന്നവയാണ്. ഇവയെല്ലാം പ്രോടീനുകളുമായി ഇട കലരുന്നതില്‍ നിന്ന് വേര്‍തിരിച്ചു നിറുത്തല്‍ ആവശ്യമാണ്‌. ലാബില്‍ ഗവേഷക സംഘം അഭിമുഖീകരിച്ച മറ്റൊരു പ്രധാന വെല്ലുവിളിയും ഇതായിരുന്നു. ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്തേണ്ടി വന്നു. പ്രകൃതിയില്‍ ഇങ്ങനെ വേര്‍തിരിച്ചു നിറുത്തുക എന്നത് അചിന്തനീയവുമാണ്.

ഊര്‍ജ്ജം എന്നാ പ്രതിസന്ധി !
 
ജീവോല്പ്പതിയെ സഹായിച്ച ഊര്‍ജ്ജ സ്രോതസ്സ്  എന്തായിരുന്നു? അള്‍ട്ര വയലറ്റ് രശ്മികള്‍ ആയിരുന്നു എന്ന അഭിപ്രായതിനായിരുന്നു ശാസ്ത്ര ലോകത്ത് മുന്‍ തൂക്കം ലഭിച്ചിരുന്നത്. അള്‍ട്ര വയലറ്റ് രശ്മികള്‍ വിനാശകാരികളും ജീവന്‍റെ നില നില്‍പ്പിനു തന്നെ ഭീഷണി ഉയര്‍ത്തുന്നവയുമാണ്. ജീവോല്പ്പതി പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച രശ്മികള്‍ പ്രത്യേക തരംഗ ദൈര്‍ഘ്യത്തില്‍ ഉള്ളവയായിരുന്നു.പ്രകൃതിയിലെ സൂര്യ പ്രകാശത്തില്‍ തന്നെ പെട്ടന്ന് ബ്രേക്ക്‌ ഡൌണ്‍ ആകുന്ന അമിനോ ആസിഡുകള്‍ നശിക്കാതിരിക്കാന്‍ സന്തുലിതമായ ഈ wave length കൃത്യമായി നിലനിരുത്തല്‍ ഏറെ അത്യാവശ്യവുമായിരുന്നു. മാത്രമല്ല, ലാബില്‍ നടന്ന പരീക്ഷണങ്ങളില്‍ രൂപം കൊള്ളുന്ന അമിനോ ആസിഡുകള്‍ സംഭരിക്കാനും സംരക്ഷിക്കാനും പ്രത്യേകം ട്രാപ്പുകള്‍ സജ്ജമാക്കിയിരുന്നു. സൂര്യ രശ്മികള്‍ ഏറ്റാല്‍ എളുപ്പം നശിക്കുന്ന ഇവയെ സംരക്ഷിക്കാന്‍ പ്രകൃതിയില്‍ എന്ത് ട്രാപ്പ് ആണ് ഒരുക്കി സൂക്ഷിച്ചിട്ടുള്ളത്? അള്‍ട്ര വയലറ്റ് രശ്മികള്‍ക്ക് തുളച്ചു കയറാന്‍ കഴിയുന്ന സമുദ്രങ്ങള്‍ പോലും ഇവയെ സംരക്ഷിക്കാന്‍ പര്യാപ്തമല്ല.

DNA  വിപ്ലവത്തിന് മുന്‍പ് നടന്ന പരീക്ഷണങ്ങള്‍ ജീവന്‍റെ അതി സങ്കീര്‍ണ്ണത മനസ്സിലാക്കിയിരുന്നില്ല. അതിനാല്‍ തന്നെ കേവലം കെമിക്കല്‍ എവലൂഷനിലൂടെ ജീവന്‍ രൂപപ്പെടുമെന്നു അന്ന് ധരിച്ചുവെച്ചിരുന്നു. 
 
സാധ്യതയുടെ സാധ്യതകള്‍ !

അനുകൂല സാഹചര്യത്തില്‍ ആകസ്മികമായി ഒരു പ്രോടീന്‍  തന്മാത്ര രൂപപ്പെടാന്‍ ഉള്ള സാധ്യത 10113 ല്‍ ഒന്ന്  മാത്രമാണ്. അത്തരം ആയിരക്കണക്കിന് വ്യത്യസ്ത  പ്രോടീനുകള്‍ വേണം ഒരു ജീവന് . ഒരു തരം പ്രോടീനുകള്‍ അല്ല, വിവിധ  തരം പ്രോടീനുകള്‍ ഈ സാധ്യതകളെ ഉപയോഗപ്പെടുത്തി പരസ്പരം കൂടി ചേര്‍ന്നത്‌ എങ്ങനെയെന്നു എന്ന് വിഷധീകരിക്കാന്‍ ഏറെ പാട് പെടേണ്ടി വരും. സാധ്യതയുടെ സാധ്യതയെ   കുറിച്ച് ചോദിച്ചാല്‍   'അതൊക്കെ ഉണ്ടായി..' എന്ന വിചിത്ര ഉത്തരം നല്‍കുകയാണ് കേരളത്തിലെ ചില യുക്തിവാദികള്!


പരീക്ഷണം നടന്നത് തന്നെ തെറ്റായ അന്തരീക്ഷത്തില്‍ ആണെന്ന് പറഞ്ഞു വരുമ്പോള്‍ ഒരു തരം 'ചത്ത കുട്ടിയുടെ ജാതകം' നോക്കുകയായിരുന്നു നാം ഇത് വരെ. തെറ്റായ അന്തരീക്ഷത്തില്‍ പോലും ആകസ്മികമായി ജീവലോല്‍പ്പതി നടക്കില്ലെന്ന വസ്തുതയ്ക്ക് അടിവരയിടാന്‍ വേണ്ടി മാത്രമാണ് ഇത്രയും കാര്യങ്ങള്‍ വിഷധീകരിച്ചത്. ജീവന്‍ എന്ന മഹാത്ഭുതത്തെ ലളിതവല്‍ക്കരിച്ച് കേവലം കെമിക്കലുകളുടെ 'വെറും' കൂടി  ചേരല്‍ മാത്രമാണെന്ന് പറഞ്ഞു തെറ്റായ ദിശയിലൂടെ മുന്നോട്ടു പോയ പരീക്ഷണത്തിന്‍റെ ആധികാരികത പോലും ഇന്ന് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ശാസ്ത്രം നിരന്തരം തിരുത്തലുകള്‍ക്ക് വിധേയമാണ് എന്ന് പറഞ്ഞു ഇതിനെ ന്യായീകരിക്കുന്ന യുക്തിവാദികള്‍ ശാസ്ത്രത്തിന്‍റെ ഫ്രെയിം വെച്ച്  ദൈവത്തെ പരിഹസിക്കുമ്പോഴും അക്കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. ശാസ്ത്രത്തെ വിമര്‍ശിക്കുന്നവര്‍ പിന്തിരിപ്പന്മാര്‍ എന്ന് മുദ്ര കുത്തി അവരെ മൂലയ്ക്കിടാന്‍ കാണിക്കുന്ന സാമര്‍ത്ഥ്യം ഒന്ന് കൂടി വിശാലമായി ചിന്തിക്കാന്‍ ഉപയോഗിച്ചാല്‍ വളരെ നന്നായിരിക്കും. ശാസ്ത്രം നിരാകരിച്ച 'ലുപ്താവയവ ' തെളിവുകളുമായി ഇന്നും ബ്ലോഗ്ഗുകളെ സജീവമാക്കുന്ന യുക്തിവാദികള്‍ ആണ് പിന്തിരിപ്പന്മാര്‍ .


 
 (സമയത്തിന്‍റെ  പരിമിതി മൂലം തല്‍ക്കാലം ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുകയാണ്. ചില കൂട്ടി ചേര്‍ക്കലുകള്‍ സമയ ലഭ്യതക്കനുസരിച്ച്‌ പിന്നീട് നടത്താന്‍ ഉദ്ദേശിക്കുന്നു..)

3 comments:

  1. Very nice and intelligent view, it is God who gave you the knowledge to understand the wisdom behind his creation.

    ReplyDelete
  2. Excellent work. thanks bro.

    ReplyDelete
  3. ഇവിടെ ദൈവത്തിന്റെ ഉത്ഭവത്തെ കുറിച്ചു കൂടെ വ്യക്തമാക്കണം.ഭൂമിയിൽ മനുഷ്യ നിർമ്മിച്ച കുറെ മതങ്ങളും മതങ്ങൾ തീർത്ത ദൈവങ്ങളും തമ്മിൽ അടിയും മാത്രം. ഈ ലേഖനത്തിൽ ലേഖകൻ മതഗ്രന്ഥത്തികാണാത്ത പല വസ്തുതകൾ ചൂണ്ടികാണിക്കകയും എന്നാൽ അതു തെറ്റാണെന്ന് സ്വയം സമർത്ഥിക്കുകയും ചെയ്യുന്നു.പ്രപഞ്ച ഉല്പത്തിയെക്കുറിച്ചു വ്യക്ത മായ തെളിവുകൾ കിട്ടുമ്പോൾ ദൈവമുണ്ടെന്നു തെളിയിക്കാൻ നടത്തിയ മതങ്ങളുടെ പരീക്ഷങ്ങൾ കൂടുതൽ കൂടുതൽ മതങ്ങളുടെ സൃഷ്ടിക്കു കാരണമാവുകയും തന്റെ മതവും ദൈവവും ആണ് ശരിയെന്നു പറഞ്ഞു പലയിടങ്ങളിലും ദ്വന്ദയുദ്ധം നടത്തുന്നു.

    ReplyDelete